തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തോട്ടത്തില്‍ പണിയെടുക്കാന്‍ പോകുന്ന സമയത്താണ് കാട്ടാന പരിമളത്തിന് നേരെ പാഞ്ഞടുത്തത്. പ്രദേശത്ത് തമ്പടിച്ചിരുന്ന ആറോളം കാട്ടാനകളില്‍ ഒന്നാണ് പരിമളത്തെ ആക്രമിച്ചത്.

മറ്റു തൊഴിലാളികള്‍ക്കൊപ്പമാണ് പരിമള തോട്ടത്തില്‍ പണിക്ക് പോയത്. ഇവരെ കണ്ടതോടെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. ഇതില്‍ ഒരു കാട്ടാനയാണ് പരിമളത്തെ ആക്രമിച്ചത്. മറ്റു തൊഴിലാളികള്‍ പരിമളത്തെ ആക്രമിക്കുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ കഴിഞ്ഞത്.

ഗുരുതരമായി പരിക്കേറ്റ പരിമളത്തെ ആദ്യം രാജകുമാരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *