മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ. കോടതിയലക്ഷ്യ ഹർജിയുമായാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയുടെ പശ്ചാത്തലത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. കേരളത്തിൽ സർവ്വീസ് നടത്തിയ റോബിൻ ബസിനെ എംവിഡി നിരവധിയിടങ്ങളിൽ തടഞ്ഞ് പരിശോധിച്ചിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 26നാണ് റോബിൻ ബസ് സർവ്വീസ് തുടങ്ങിയത്. കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസിനെ വീണ്ടും എംവിഡി ത‍ടഞ്ഞിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലെ പരിശോധനയ്ക്ക് ശേഷം വാളയാർ ചെക്ക് പോസ്റ്റിലും കേരള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നടന്നു. തുടർന്നാണ് ബസ്സിനെ അതിർത്ഥി കടത്തിവിട്ടത്. എന്നാൽ തമിഴ്നാട്ടിൽ ബസ്സിന് പരിശോധനയുണ്ടായില്ല. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് വിട്ട് നൽകിയിരുന്നു. സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിക്കുകയായിരുന്നു.പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ മാസം 24 -ന് പുലർച്ചെയാണ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച ശേഷം അതിന്റെ പിറ്റേന്നാണ് ബസ് കൊടുത്തത്. നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *