രാജ്യത്ത് ഒരു എച്ച്എംപി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ആറ് മാസമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ നഗരത്തിലെ പവായ് ഏരിയയിലെ ഹിരാനന്ദാനി ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സ തേടിയിരുന്നത്.

റാപ്പിഡ് പിസിആര്‍ ടെസ്റ്റിലാണ് രോഗമുള്ളതായി കണ്ടെത്തിയത്. ചുമയും ശ്വാസതടസവും വര്‍ധിച്ചതോടെ കുഞ്ഞിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 84 ശതമാനമായി കുറഞ്ഞിരുന്നു. ചികിത്സ നല്‍കിയതിന് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിടുകയുമായിരുന്നു. മുംബൈയില്‍ ആദ്യമായാണ് എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തതെങ്കിലും മഹാരാഷ്ട്രയില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസാണിത്. രാജ്യത്ത് ഒന്‍പത് എച്ച്എംപിവി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ഈ വൈറസ് പുതിയതല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കിയിട്ടുണ്ട്. വായുവിലൂടെയാണ് എച്ച്എംപി വൈറസ് പകരുന്നത്. എല്ലാ പ്രായക്കാരിലും വൈറസ് ബാധയുണ്ടാകാം. ആരോഗ്യമന്ത്രാലയവും, ഐസിഎമ്മാറും എന്‍സിഡിസിയും ചൈനയിലെ വൈറസ് വ്യാപാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *