കോഴിക്കോട്: അശ്ലീല പരാമര്‍ശങ്ങള്‍ക്കും സൈബര്‍ അധിക്ഷേപങ്ങള്‍ക്കും എതിരെ നിയമ പോരാട്ടവുമായി രംഗത്തിറങ്ങിയ നടി ഹണി റോസിന് സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) പിന്തുണ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജില്‍ ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ല്യു.സി.സി പിന്തുണ അറിയിച്ചത്. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖര്‍ ഹണി റോസിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. സ്ത്രീവിരുദ്ധ പെരുമാറ്റങ്ങള്‍ക്ക് ബോബി ചെമ്മണൂരിനെ രൂക്ഷമായി വമര്ശിച്ചുകൊണ്ടാണ് പ്രമുഖര്‍ പ്രതികരിച്ചത്.
ഹണി റോസിന്റെ പരാതിയേ തുടര്‍ന്ന് ബോബി ചെമ്മണൂരിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട്ടിലെ റിസോര്‍ട്ടില്‍നിന്നാണ് വയനാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഉടന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കേസ് അന്വേഷിക്കാന്‍ സെന്‍ട്രല്‍ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തില്‍ സൈബര്‍ സെല്‍ അംഗങ്ങളുമുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.