തിരുവനന്തപുരം: സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ CISF സബ് ഇൻസ്പെക്ടറെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുമിത് അമർപാൽ പൻവീർ (29) ആണ് പിടിയിലായത്. മുംബൈ നിർമൽ നഗർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ദീപക് ഖരാഡെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരുവനന്തപുരത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വർഷം പ്രതി മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടെ സഹപ്രവർത്തകയായിരുന്ന വനിതാ ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അടുത്തിടെയാണ് സുമിത്തിന് മുംബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതിനിടെ ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്ന വിവരം പരാതിക്കാരി അറിഞ്ഞു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ വനിതാ ഉദ്യോഗസ്ഥ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയെത്തുടർന്ന് തിരുവനന്തപുരത്തെത്തിയ മുംബൈ പോലീസ് സംഘം CISF ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും വലിയതുറ പോലീസിന്റെ സഹായത്തോടെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിയെ തീവണ്ടിമാർഗ്ഗം മുംബൈയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *