കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും രൂക്ഷമായി വിമർശിച്ച ഇടത് നിരീക്ഷകൻ അഡ്വ. ബി എ. ഹസ്‌കറിന് സിപിഐ എം ശാസന. പാർട്ടി നയം കൃത്യമായി പിന്തുടർന്നില്ലെങ്കിൽ ഇടത് നിരീക്ഷകൻ എന്ന നിലയിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം ഹസ്‌കറിനെ അറിയിച്ചു. കൊല്ലം സ്വദേശിയായ ഇദ്ദേഹം നിരീക്ഷകൻ എന്ന നിലയിലുള്ള നിലപാടുകളിൽ ജാഗ്രത പാലിക്കണമെന്നും പാർട്ടി നിർദ്ദേശിച്ചു.
സിപിഐ എമ്മിന്റെ ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലേക്ക് വിളിച്ചുവരുത്തിയ ഹസ്‌കറിനോട് പാർട്ടി നിലപാടുകൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ‘ഇടത് നിരീക്ഷകൻ’ എന്ന വിശേഷണം താൻ സ്വയം നൽകുന്നതല്ലെന്നും മാധ്യമങ്ങൾ നൽകുന്നതാണെന്നും ഹസ്‌കർ വിശദീകരിച്ചു. എങ്കിലും, സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഈ നിർദ്ദേശമെന്നും ഇത് ലംഘിക്കരുതെന്നും സോമപ്രസാദ് യോഗത്തിൽ വ്യക്തമാക്കി.
കേരളത്തിലെ ഇടതുപക്ഷത്തിനും സിപിഎമ്മിനും നിദ്രാവ്യാധി ബാധിച്ചിരിക്കുകയാണെന്ന് ചാനൽ ചർച്ചയിൽ ഹസ്‌കർ കുറ്റപ്പെടുത്തി. 1996-ലെ തെറ്റുതിരുത്തൽ രേഖയിലെ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയന്റെ തെറ്റായ നടപടികളെ പാർട്ടി ഇപ്പോഴും ന്യായീകരിക്കുന്നത് വലിയ കാപട്യമാണെന്ന് വിമർശിച്ചു.വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ വിഷലിപ്തമാണെന്നും മതനേതാക്കളുടെ തെറ്റായ നിലപാടുകളെ ആർജ്ജവത്തോടെ എതിർത്തപ്പോഴാണ് ഇടതുപക്ഷത്തിന് വജ്രശോഭ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കാൻ വെള്ളാപ്പള്ളിക്ക് ധൈര്യം ലഭിക്കുന്നത് സിപിഎമ്മിന്റെ മൗനം കാരണമാണെന്നും, സിപിഐ സെക്രട്ടറി ബിനോയ് വിശ്വം കാണിച്ച രാഷ്ട്രീയ വ്യക്തത സിപിഎമ്മിന് ഇല്ലാതെ പോകുന്നത് ‘ഇരട്ടത്താപ്പ്’ ആണെന്നും ഹസ്‌കർ കൂട്ടിച്ചേർത്തു.
