വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക കടന്ന് കയറ്റത്തിന്റെ ഫലം മനുഷ്യക്കുരുതിയാണ്സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് നാളെ ലോകത്തെ മറ്റേത് രാജ്യത്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡണ്ടിനെതിരെ ഒന്നു പ്രതിഷേധിക്കാൻ പോലും കേന്ദ്രസർക്കാറിന് സാധിക്കുന്നില്ല. ഇന്ത്യയിലെ വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിച്ചില്ല. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും അതേ വഴിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
അമേരിക്കൻ നടപടിയെ കേന്ദ്ര സർക്കാർ നിസാര വത്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശനയം ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ നേരിട്ടു. പദ്ധതിയെ കരിവാരിത്തേക്കുന്ന മാധ്യമങ്ങളുടെ നടപടി ജനവിരുദ്ധമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള ഇത്തരം വാർത്തകൾ ദരിദ്രരുടെ ഉന്നമനത്തിന് തടസ്സമാകുന്നു. വിഭവങ്ങൾ കൃത്യമായി വിന്യസിക്കാൻ ശാസ്ത്രീയമായ ആസൂത്രണം ആവശ്യമാണെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രണ പ്രക്രിയയെ ശക്തിപ്പെടുത്തിക്കൊണ്ട് കേരളം വികസന പാതയിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
