നടിയ ആക്രമിച്ച കേസ് അന്വേഷിച്ച കേസുമായി ബന്ധപ്പെട്ട് വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് പരിശോധന. രാവിലെ 11ന് സ്റ്റുഡിയോയിൽ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദപരിശോധനയാണ് നടത്തുന്നത്.

ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്.കേസിൽ ഹൈക്കോടതി ഇന്നലെ ദിലീപ് അടക്കമുള്ളവർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. അന്വേഷണത്തില്‍ ഇടപെടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. കുറ്റാരോപിതര്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണം. എല്ലാവരും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റ് തേടി പ്രോസിക്യൂഷനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവില്‍ പറഞ്ഞു.
ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ഉയര്‍ത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോള്‍ നടത്തുന്നുണ്ട്. ഇതില്‍ കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സര്‍ക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *