അനധികൃത മണല്‍ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസാണ് അറസ്റ്റിലായിരിക്കുന്നത്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും നാല് വൈദികരും അറസ്റ്റിലായിട്ടുണ്ട്.ജോര്‍ജ് സാമുവല്‍, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരാണ് അറസ്റ്റിലായ വൈദികര്‍.സഭയുടെ ഉടമസ്ഥതയിലുള്ള തമിഴ്നാട്ടിലെ അംബാസമുദ്രത്ത് എന്ന സ്ഥലത്ത് അനധികൃതമായി മണല്‍ ഖനനം നടത്തിയെന്നാണ് കേസ് .സബ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് ഇത് കണ്ടെത്തിയത്. സ്ഥലം ഉടമകള്‍ക്ക് പിഴ ചുമത്തിയിരുന്നു.മണല്‍ക്കടത്തിന് പിന്നില്‍ സ്ഥലം കരാറെടുത്ത ആളാണെന്നാണ് മലങ്കര കത്തോലിക്കാ സഭയുടെ വിശദീകരണം. ഭൂമിയുടെ ഉടമസ്ഥര്‍ എന്ന നിലയിലാണ് ബിഷപ്പും വൈദികരും കേസില്‍ ഉള്‍പ്പെട്ടതെന്നും സഭ വിശദീകരിക്കുന്നു. 300 ഏക്കര്‍ ഭൂമി കോട്ടയം സ്വദേശിക്ക് കൃഷി ചെയ്യാന്‍ നല്‍കിയതാണ്.

രൂപതയുടെ വിശദീകരണം

തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *