തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുകയാണ്. ഇരുരാജ്യങ്ങളിലുമായി 7,800 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്. തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി.
വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 കടന്നു തുർക്കിയിൽ പരുക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണ സംഖ്യ ഇനിയും കൂടുമെന്ന് തുർക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. നിലം പൊത്തിയത് പതിനോരായിരത്തിലേറെ കെട്ടിടങ്ങൾ. ഇരുരാജ്യങ്ങളിലൂമായി ലക്ഷക്കണക്കിന് പേരെ ഭൂകമ്പം ബാധിച്ചു. ഇരുപത്തി അയ്യായിരത്തിലേറേപ്പേർ രക്ഷാപ്രവർത്തകർ തുർക്കിയിലെത്തി. കൊടും തണുപ്പും തകർന്ന റോഡുകളും രക്ഷാദൗത്യത്തെ കൂടുതൽ ദുഷ്‌കരമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിനും ചികിൽസക്കുമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി.
മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയുമായാണു ഇന്ത്യൻ കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്. ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. . ദുരന്തമേഖലയിൽ താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകൾ, എക്‌സ്‌റേ യന്ത്രങ്ങൾ, ഓക്‌സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കും.