അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. പതിനാലുകാരൻ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയടക്കം മൂന്ന് ഇന്ത്യൻ താരങ്ങള്‍ ഐസിസിയുടെ ലോകകപ്പ് ടീമില്‍ ഇടം നേടി.
റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിന്റെ തോമസ് റ്യൂ ആണ് ഐസിസി ടീമിനെ നയിക്കുന്നത്. ടൂർണമെന്റിൽ 330 റൺസ് നേടിയ റ്യൂ തന്നെയാണ് ടീമിന്റെ വിക്കറ്റ് കീപ്പറും. സെമിയിലും ഫൈനലിലും അര്‍ധസെഞ്ചുറികള്‍ നേടുകയും ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി കിരീടം നേടുകയും ചെയ്തെങ്കിലും ബാറ്ററെന്ന നിലയില്‍ ആയുഷ് മാത്രെക്ക് മികവ് കാട്ടാനാവാതിരുന്നതാണ് ലോകകപ്പ് ടീമിലെ ഇടം നഷ്ടമാക്കിയത്.
ഏഴ് മത്സരങ്ങളില്‍ നിന്ന് 444 റൺസ് നേടി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ ഇംഗ്ലണ്ട് താരം ബെൻ മെയ്സാണ് ഐസിസി ടീമിലും മൂന്നാം നമ്പര്‍ സ്ഥാനത്തുള്ളത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും താരം നേടി. 191 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 74.00. ഫൈനലില്‍ 45 റണ്‍സ് നേടിയതോടെ മെയ്സ് റണ്‍വേട്ടയില്‍ വൈഭവിനെ മറികടന്ന് ഒന്നാമനായിരുന്നു.
ഇന്ത്യക്കെതിരായ സെഞ്ചുറി അടക്കം ആറ് മത്സരങ്ങളില്‍ നിന്ന് 435 റണ്‍സെടുത്ത അഫ്ഗാന് താരം ഫൈസല്‍ ഷിനസോദയും ലോകകപ്പ് ടീമിലുണ്ട്. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 163 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. സെമിയില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ നൂറിസ്താനി ഒമർസായിയും ഐസിസി ലോകകപ്പ് ടീമിലെത്തി.
