ധാക്കുവാഖാന; എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് ഒരു എട്ടിന്റെ പണി കിട്ടി. അതും എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ. 109–ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളിന്റെ കരുത്തിൽ സന്തോഷ് ട്രോഫിൽ ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് കിരീടം ചൂടി സർവീസസ്. സർവീസസിന്റെയും എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് ഇത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ വർഷം ബംഗാളിനോടായിരുന്നു ഫൈനൽ തോൽവി.
ധാക്കുവാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. കേരളത്തിന്റെ പല ഗോൾ അവസരങ്ങളും സർവീസസിന്റെ പ്രതിരോധ കോട്ടയിൽ തട്ടിത്തെറിക്കുകയായിരുന്നു. മത്സരം ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ ഇരുടീമുകളും ആക്രമണം കടുപ്പിച്ചിരുന്നു. സർവീസസ് മികച്ച മുന്നേറ്റങ്ങളിലൂടെ കേരളത്തെ ഞെട്ടിച്ചു. 27-ാം മിനിറ്റിൽ വി. അർജുന്റെ ലോങ് റേഞ്ച് ഷോട്ട് സർവീസസ് ഗോൾ പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. 41 ഷിജിന്റെ ഹെഡർ, ബോക്സിന് മുകളിലൂടെ പുറത്തേക്ക് പോയി. ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ആയില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ മാറ്റങ്ങളില്ലാതെയാണ് കേരളം ഇറങ്ങിയത്. 48–ാം മിനിറ്റിൽ സർവീസസിന്റെ ആക്രമണം. ഇടതു വിങ്ങിൽനിന്ന് അഭിഷേക് പവാറിന്റെ ക്രോസ്, എന്നാൽ സർവീസസ് താരങ്ങൾക്ക് പന്ത് തൊടാനായില്ല; ഗോൾ പുറത്തേയക്ക്. 54–ാം മിനിറ്റിൽ കേരളം, ഷിജിനു പകരം വിഘ്നേഷിനെ കളത്തിലിറക്കി. 80–ാം മിനിറ്റിൽ അജ്സാലിനു ലഭിച്ച അവസരം ടാർഗറ്റിലേക്ക് അടിക്കാൻ സാധിച്ചില്ല. കളി ഇൻഞ്ചറി ടൈമിലേക്ക്, പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ് സിനാൻ ഇറങ്ങി. എന്നാൽ ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇഞ്ചറി ടൈമിലും വിജയിച്ചില്ല.
നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടനാകാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ, 109–ാം മിനിറ്റിൽ അഭിഷേക് പവാറിന്റെ ഗോളിലൂടെ സർവീസസ് മുന്നിലെത്തുകയായിരുന്നു. ടൂർണമെന്റിൽ അഭിഷേകിന്റെ രണ്ടാം ഗോളാണിത്; ആദ്യ ഗോൾ കേരളത്തിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു. ഫൈനലിനു മുൻപ് കേരളം തോറ്റ ഏക മത്സരം ഇതായിരുന്നു. ഫൈനലിലും കേരളത്തിന്റെ കിരീട മോഹങ്ങൾ തട്ടിത്തെറിപ്പിച്ചത് അതേ അഭിഷേക് തന്നെ.
