കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ മരണത്തിൽ അഞ്ച് വർഷമായി തുടരുന്ന പോരാട്ടാത്തിന്റെ ബാക്കിയായി സിബിഐ അന്വേഷണം ആവർത്തിച്ചാവശ്യപ്പെട്ട് കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വനിതാദിനത്തിൽ കല്ലറയ്ക്ക് മുന്നിൽ മാതാപിതാക്കൾ നിരാഹാരമിരുന്നു. കൊച്ചിയിലെ ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേലിനെ 2017 മാർച്ച് 6 ന് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മിഷേലിന്റെ മരണം ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തിയത്.എന്നാൽ ദേഹത്ത് കണ്ട പാടുകളും എഫ്ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വർഗീസ് ചോദിക്കുന്നത്. മകൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളായിരുന്നു മിഷേലെന്നും അമ്മയും ഉറപ്പിച്ച് പറയുന്നു.
ഡോ. ഉമാദത്തനുൾപ്പെടെ സംസ്ഥാനത്തെ ഫോറൻസിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോൾ മിഷേലിന്റേത് കൊലപാതകമാണെന്ന നിഗമനത്തിലാണ് എത്തിയത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. നീതി വൈകുന്നതിനെതിരെ പോരാട്ടം ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മിഷേലിന്‍റെ മൊബൈൽ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ട്.