നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ജില്ലയിലെ വോട്ടര്‍മാര്‍ ഇന്ന് (ഏപ്രില്‍ 9) ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വരിയിലുള്ളവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. 13,04,604 പുരുഷന്മാരും 13,64,182 സ്ത്രീകളും 31 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 26,68,817 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 100 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍നിന്ന് ജനവിധി തേടുന്നത്.

13 നിയോജക മണ്ഡലങ്ങളിലെ 2,837 പോളിങ് സ്റ്റേഷനുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ 13,218 പേരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചത്. ഒരോ ബൂത്തുകളിലും പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍മാര്‍ എന്നിവരാണ് ഉണ്ടാവുക. കൂടാതെ പ്രശ്‌നബാധിത ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുമുണ്ടാകും. ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്. പൊലീസും കേന്ദ്ര സേനാംഗങ്ങളും സുരക്ഷാ ചുമതലയിലുണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയര്‍ സൗകര്യവും വീട്ടില്‍നിന്ന് പോളിങ് സ്റ്റേഷനിലെത്തിച്ച് തിരികെ എത്തിക്കുന്നതിനുള്ള വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാരെ സഹായിക്കാന്‍ എന്‍.എസ്.എസ്, എന്‍.സി.സി സന്നദ്ധപ്രവര്‍ത്തകരും പോളിങ് സ്റ്റേഷനുകളിലുണ്ടാകും. വോട്ട് ചെയ്യുന്ന സമയത്ത് മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി വെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിലുണ്ട്.

മാതൃകാ പോളിങ് സ്റ്റേഷനുകള്‍ക്ക് പുറമെ പോളിങ് ഉദ്യോഗസ്ഥരായി വനിതകള്‍ മാത്രമുള്ള 67 പിങ്ക് പോളിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ കാരപ്പറമ്പ് ഹൈസ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന ഏക പോളിങ് സ്റ്റേഷനാണ്.

Leave a Reply

Your email address will not be published. Required fields are marked *