തമിഴ്‌നാട്ടില്‍ മെയ് പത്ത് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് 10 മുതല്‍ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് പത്തിന് പുലര്‍ച്ചെ നാല് മുതല്‍ മെയ് 24 പുലര്‍ച്ചെ നാല് വരെയാണ് ലോക്ക്ഡൗണ്‍.പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ക്ക് 12 മണി വരെ പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സമയത്ത്, അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകള്‍ 14 ദിവസത്തേക്ക് അടച്ചിടും. പാഴ്സല്‍ സേവനങ്ങള്‍ക്കായി മാത്രം റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കും

അവശ്യ സര്‍വീസില്‍പ്പെടാത്ത എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനം നിര്‍ത്തും. എന്നാല്‍ സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്‌നിരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകള്‍ പ്രവര്‍ത്തിക്കും.

സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയവയ്ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും.

വെള്ളിയാഴ്ച്ച മാത്രം തമിഴ്‌നാട്ടില്‍ 26,465 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ്-19 രോഗികള്‍ 13,23,965 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 6738 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *