തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. പ്രചരണത്തിന്റെ ഭാഗമായി നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

തൃക്കാക്കരയിലെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തായും സന്ദര്‍ശന ശേഷം ജോ ജോസഫ് പറഞ്ഞു. സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്.

‘ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വേദികള്‍ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി. കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. കൊച്ചി മേയറും സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം അനില്‍ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കി. മഹാനടന് നന്ദി’, ജോ ജോസഫ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *