താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം നടത്തും. ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മൽ റസീന, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെമകൾ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ, താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി, മകൾ അദില ഷെറി,കുന്നുമ്മൽ ആവായിൽ ബീച്ചിൽ റസീന, അർഷാൻ എന്നിവരെ തിരിച്ചറിഞ്ഞു.

ബോട്ടിൽ നാൽപതിലധികം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *