അംപയറോട് തര്‍ക്കിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. ഇന്നലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് – ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലെ വിവാദ പുറത്താകലിന് ശേഷമാണ് സംഭവം. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു വിവാദത്തിന്റെ അകമ്പടിയോടെ പുറത്താകുന്നത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് കുഷ്യനില്‍ സ്പര്‍ശിച്ചുവെന്ന വാദവമുണ്ട്. ഇല്ലെന്ന് മറുവാദവും. മത്സരത്തിലെ നിര്‍ണായക വിക്കറ്റ് പരിശോധിക്കാന്‍ പോലും മെനക്കെടാതിരുന്നതാണ് വിവാദങ്ങള്‍ക്ക് ശേഷം തിരി കൊളുത്തിയത്. ഇക്കാര്യം സഞ്ജു അംപയറുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. മാത്രമല്ല, റിവ്യൂ ചെയ്യാനും സഞ്ജു ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഇതിനിടെ സഞ്ജു അംപയറോട് കയര്‍ക്കുന്നതും കാണാം. ഇക്കാരണത്താല്‍ മാച്ച് ഫീയുടെ 30 ശതമാനമാനമാണ് സഞ്ജു പിഴയടയ്‌ക്കേണ്ടത്.ഇത് ആദ്യമായിട്ടല്ല ഈ സീസണ്‍ ഐപിഎല്ലില്‍ സഞ്ജു പിഴയടയ്‌ക്കേണ്ടി വരുന്നത്. നേരത്തെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് രണ്ട് തവണ പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ തവണ 12 ലക്ഷവും തെറ്റ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ 24 ലക്ഷവുമാണ് പിഴയടയ്‌ക്കേണ്ടി വന്നത്. അത് സഞ്ജുവിന് മാത്രമല്ല, ടീമിലെ മറ്റുതാരങ്ങള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പിഴയടയ്‌ക്കേണ്ടി വരുന്നത് ആദ്യമായിട്ടാണ്.ഡല്‍ഹിക്കെതിരെ, രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവിനെ പുറത്താകല്‍ തന്നെയാണ് മത്സരത്തില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 221-8, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 201-8.

Leave a Reply

Your email address will not be published. Required fields are marked *