
കോഴിക്കോട് ബീച്ച് അഗ്നിരക്ഷാ സേന കഴിഞ്ഞ ഒന്നര വർഷമായി കെട്ടിടമില്ലാതെ അലയുന്നത്. പൊളിഞ്ഞുവീഴാറായ കെട്ടിടം ജീവന് ഭീഷണിയായതോടെയാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്. പദ്ധതി തയ്യാറാക്കി 12 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും തുക അനുവദിക്കാത്തതിനാൽ നിർമാണം ഇതുവരെ ഒന്നുമായിട്ടില്ല. ബീച്ചിലുണ്ടായിരുന്ന 60 ലധികം ജീവനക്കാർ മീഞ്ചന്ത, വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിലാണ്. എട്ട് വാഹനങ്ങളിൽ പലതും മീഞ്ചന്തയിലും വെള്ളിമാട് കുന്നും. സ്റ്രേഷൻ ഓഫീസർ അടക്കം20 പേരും രണ്ട് വാഹനങ്ങളും അടങ്ങുന്ന ഒരു യൂണിറ്റ് മാത്രമാണിപ്പോൾ ബീച്ചിൽ. ഇതിനാൽ വലിയ അപകടം ഉണ്ടായാൽ നിലവിലെ യൂണിറ്റിനെയും കൊണ്ട് ഓടിയെത്താനാവാത്ത സ്ഥിതിയാണ്. മറ്റു സ്റ്റേഷനുകളിൽ നിന്ന് ഏറെ ദൂരം സഞ്ചരിച്ചുവേണം കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്താൻ. അപ്പോഴേക്കും രക്ഷാപ്രവർത്തനം വെെകും.കഴിഞ്ഞ ദിവസം നാലാം റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ തീ ആളിക്കത്തിയപ്പോൾ ബീച്ചിലെ യൂണിറ്റ് ഓടിയെത്തിയെങ്കിലും തീയണക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് മറ്റിടങ്ങളിലെ അഗ്നിരക്ഷസേനയുടെ നാല് യൂണിറ്റെത്തിയാണ് തീയണച്ചത്.