അത്‌ലാന്റിക് സമുദ്രത്തിലൂടെ സര്‍വീസ് നടത്തുകയായിരുന്ന എം വി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ ഹാന്റ വൈറസ് ബാധ ആഗോള തലത്തില്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ആകെ 12 രാജ്യങ്ങള്‍ക്കാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.

രോഗബാധ പൂര്‍ണമായി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. രോഗം പടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ വേണ്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ടര്‍ക്കി, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.

ഈ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ കപ്പലില്‍ യാത്ര ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പ് പട്ടികയില്‍ ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ ഇന്ത്യയില്ലാത്തതിനാല്‍ തത്കാലം ആശങ്കപ്പെടേണ്ടതില്ല.

നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ് കപ്പല്‍. സ്ഥിതിഗതികള്‍ വിലയിരുത്താനായി വിദഗ്ധ സംഘം കപ്പലില്‍ പ്രവേശിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ ഒരംഗവും രണ്ട് ഡോക്ടര്‍മാരും സംഘത്തിലുണ്ട്. വിദഗ്ധ വൈദ്യസഹായത്തിനായി സ്‌പെയിനിനു കീഴിലെ കാനറി ദ്വീപിലേക്ക് കപ്പല്‍ മാറ്റാനാണ് തീരുമാനം. 

Leave a Reply

Your email address will not be published. Required fields are marked *