സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ വീട്ടില്‍നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന സുരേഷ്. പൊലീസെന്ന് പറഞ്ഞാണ് സംഘം എത്തിയത്. എന്നാല്‍, പൊലീസ് യൂണിഫോമിലല്ലായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചില്ല. താന്‍ ജോലി സ്ഥലത്തേക്കു പോയപ്പോഴാണ് സരിത്തിനെ തട്ടിക്കൊണ്ടു പോയതെന്നും, ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറില്‍ പാലക്കാട്ടെ സ്വപ്നയുടെ ഫ്‌ലാറ്റിലെത്തിയത്. ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
സ്വപ്ന സുരേഷ് രാവിലെ 10 മണിയോടെ തന്റെ വീട്ടില്‍വെച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നത് അടക്കമുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം പതിനഞ്ച് മിനിറ്റിനുള്ളിലാണ് സരിത്തിനെ ഫ്ളാറ്റില്‍നിന്ന് തട്ടിക്കൊണ്ടു പോയതെന്ന് സ്വപ്ന പറഞ്ഞു. പിന്നീട് 11.15-ഓടെ വീണ്ടും മാധ്യമങ്ങളെ കണ്ടാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തില്‍, പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്‌ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. വന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്.