സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റില്‍നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം.

പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെവന്നുവെന്നും വിജിലന്‍സ് അറിയിച്ചു. സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.

നാടകീയമായി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലന്‍സിനെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ് രംഗത്തെത്തി. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഭവത്തില്‍ പരാതി നല്‍കുമെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സ്വപ്ന വ്യക്തമാക്കി.

”കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനാണ്? അതും എന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ? ഒരു തരത്തിലും ഇവിടെ വിജിലന്‍സ് വരുമെന്ന് നേരത്തേ പറഞ്ഞിരുന്നില്ല. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസിസ് എ ഡേര്‍ട്ടി ഗെയിം”, സ്വപ്‌ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *