വിജിലന്‍സ് സംഘം തന്നെ ബലം പ്രയോഗിച്ചാണ് പിടിച്ചുകൊണ്ടു പോയതെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പി.എസ്.സരിത്ത്. സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. രണ്ടരമണിക്കൂറോളം സരിത്തിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ അത് സംബന്ധിച്ച് ഒന്നും ചോദിച്ചില്ലെന്നും ഇന്നലെ സ്വപ്ന നല്‍കിയ മൊഴി സംബന്ധിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. നോട്ടീസ് നല്‍കാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും സരിത്ത് ആരോപിച്ചു.

സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലന്‍സ് കൊണ്ടുപോയത്. സംഭവത്തില്‍ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയച്ചിരിക്കുന്നത്.

ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയത്. ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. തനിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പ് വിജിലന്‍സ് നോട്ടീസൊന്നും തന്നിട്ടില്ലെന്നും സരിത്ത് പറയുന്നു. ഈ മാസം 16-ാം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിത്തിനോട് ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *