ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ പൊലീസ് ഔട്ട്പോസ്റ്റിനു നേരെ വെടിവെപ്പ്. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജിരിബാം സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് വെടിവെപ്പുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മേഖലയില്‍ കഴിഞ്ഞ ഒരു മാസമായി രൂക്ഷമായ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യമാണുള്ളത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലുമാണ് സന്ദര്‍ശനം നടത്തുന്നത്. പ്രളയത്തെ തുടര്‍ന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ രാഹുല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്തെ രാഹുലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. ചുരാചന്ദ്പൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തും.