മുംബൈ: കനത്ത മഴയില്‍ രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ഏഴ് മണി വരെയുള്ള ആറ് മണിക്കൂറില്‍ പലയിടത്തും 300 മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്. സബര്‍ബന്‍ ട്രെയിന്‍, ബസ് സര്‍വീസ് ഉള്‍പ്പെടെ ഗതാഗതം താറുമാറായി. മുംബൈ, താനെ, പാല്‍ഘര്‍, കൊങ്കണ്‍ ബെല്‍റ്റ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വിക്രോളിയില്‍ 24 മണിക്കൂറിനിടെ 315 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വര്‍ളി, ബുന്തര ഭവന്‍, കുര്‍ള ഈസ്റ്റ്, കിങ്‌സ് സര്‍ക്കിള്‍, ദാദര്‍, വിദ്യാവിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. ഓടകള്‍ ഉള്‍പ്പെടെ നിറഞ്ഞുകവിഞ്ഞ് റോഡുകളിലൂടെ മലിനജലം ഒഴുകുന്നത് പകര്‍ച്ചവ്യാധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് താനെ ജില്ലയിലെ കാസറക്കും തിത്വാലക്കും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. കല്യാണിനും കാസറക്കുമിടയിലുള്ള സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *