തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിലും ‘ഹർ ഘർ തിരങ്ക’ ചടങ്ങുകളിലും ദേശീയ ഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.

വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ചരിത്രപരമായ പശ്ചാത്തലംകൂടി കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഈ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 മുതൽ 17 വരെ നീളുന്ന ഹർ ഘർ തിരങ്ക കാമ്പയിന്റെ ഭാഗമായുള്ള എല്ലാ പൊതുചടങ്ങുകളിലും സമൂഹഗാനമായി വന്ദേമാതരം മുഴുവനായി പാടണമെന്നാണ് കത്തിലെ മുഖ്യ നിർദേശം.

മുൻകാലങ്ങളിൽ ഗാനത്തിന്റെ ചില വരികൾ മാത്രം പാടി അവസാനിപ്പിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്നാണ് കർശന നിർദേശം നൽകിയിട്ടുള്ളത്.

കേന്ദ്ര നിർദേശങ്ങൾ പൂർണ്ണ ഗൗരവത്തോടെ നടപ്പിലാക്കണമെന്നും വീഴ്ചകൾ ഉണ്ടാകരുതെന്നുമാണ് വകുപ്പ് മേധാവികൾക്ക് നൽകിയിരിക്കുന്ന മുഖ്യ സന്ദേശം. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും തുടർന്ന് ദേശീയഗാനവും എന്ന ക്രമത്തിലാണ് പുതിയ ഔദ്യോഗിക ചടങ്ങുകളിൽ ഗാനങ്ങൾ ഉൾപ്പെടുത്തേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *