മാനസ കൊലപാതകത്തില്‍ ഒരു അറസ്റ്റ് കൂടി. മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി.മാനസയും രഖിലുമായുള്ള ബന്ധം തകർന്ന ശേഷം ആദിത്യനൊപ്പമായിരുന്നു രഖിൽ ബിഹാറിൽ പോയത്. ഇവിടെ നിന്നാണ് ഇയാൾ കൊലപാതകം നടത്താൻ ഉപയോഗിച്ച തോക്ക് സംഘടിപ്പിച്ചത്. രഖിലിന് തോക്ക് വിറ്റ കേസിൽ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. തോക്ക് ബിഹാറില്‍ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയായാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. 35000 രൂപയ്ക്കാണ് ഇവരില്‍ നിന്ന് രഖില്‍ തോക്ക് വാങ്ങിയത്.
തോക്ക് നിര്‍മാണത്തിന്റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള പോലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്. 7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റള്‍ ഉപയോഗിച്ചാണ് രഖില്‍ മാനസയെ കൊലപ്പെടുത്തിയത്.
