ന്യൂഡല്‍ഹി: പി.എം.ശ്രീ സ്കൂളുകള്‍ക്ക് (പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യമെമ്പാടുമുള്ള 14,500 സര്‍ക്കാര്‍ സ്കൂളുകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് 27,360 കോടിരൂപ ചെലവിലാണ് പദ്ധതി ആസൂത്രണംചെയ്തിരിക്കുന്നത്. മൊത്തം ചെലവിന്റെ 66 ശതമാനം (18,128 കോടിരൂപ) കേന്ദ്രം വഹിക്കും.

നിലവിലെ സര്‍ക്കാര്‍ സ്കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസനയത്തിന് (എന്‍.ഇ.പി.) അനുസൃതവുമായ പഠനരീതി ഇവയില്‍ നടപ്പാക്കും. സമഗ്രശിക്ഷ പദ്ധതി, കേന്ദ്രീയവിദ്യാലയ സംഘടന്‍, നവോദയ വിദ്യാലയസമിതി എന്നിവയിലൂടെയാകും പദ്ധതി നടപ്പാക്കുക. ഇത് 18 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഗുണംചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

സ്‌കൂളുകള്‍ സ്‌മാര്‍ട്ടാകും

-ദേശീയ വിദ്യാഭ്യാസനയംപ്രകാരം വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍നിന്ന് വരുന്ന കുട്ടികളെയും വ്യത്യസ്തഭാഷ സംസാരിക്കുന്നവരെയും വിവിധ പഠന കഴിവുള്ളവരെയും ഉള്‍ക്കൊള്ളുന്ന സ്കൂള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പഠനം ഉറപ്പാക്കും.

-സമീപത്തെ മറ്റ് സ്കൂളുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കും. മറ്റുള്ളവയെ മെച്ചപ്പെടുത്താന്‍ മാര്‍ഗദര്‍ശനം നല്‍കും.

-അധ്യാപനരീതി കൂടുതല്‍ അനുഭവവേദ്യവും സമഗ്രവുമാക്കും. ചെറുപ്രായങ്ങളില്‍ കൂടുതല്‍ കളികളും കളിക്കോപ്പുകളും ഉപയോഗിച്ചുള്ള പഠനരീതിയാക്കും.

-ജോലിസാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സ്കില്‍ കൗണ്‍സിലുകളുമായി സ്കൂളുകളെ ബന്ധിപ്പിക്കും.

-സ്കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സ്കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ഫ്രെയിംവര്‍ക്ക് വികസിപ്പിക്കും.

സ്‌കൂളുകളുടെ തിരഞ്ഞെടുപ്പ് ഇങ്ങനെ

മൂന്നുഘട്ടത്തിലാകും തിരഞ്ഞെടുപ്പ്. യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ (യു.ഡി.ഐ.എസ്.ഇ.) ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകള്‍ മാത്രമാണ് പദ്ധതിക്കായി പരിഗണിക്കുക.

ഒന്നാംഘട്ടം: ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനുള്ള ധാരണാപത്രം സംസ്ഥാനം/കേന്ദ്രഭരണപ്രദേശം ഒപ്പിടണം. പി.എം.ശ്രീ. സ്കൂളുകളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് ഉറപ്പുനല്‍കണം.

രണ്ടാംഘട്ടം: യു.ഡി.ഐ.എസ്.ഇ. ഡേറ്റാബേസിന്റെ അടിസ്ഥാനത്തില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്കൂളുകളെ കണ്ടെത്തും.

മൂന്നാംഘട്ടം: ചലഞ്ച് രീതിയിലാകും അവസാനഘട്ടത്തിലെ തിരഞ്ഞെടുപ്പ്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകള്‍ക്ക് ചില വെല്ലുവിളികള്‍ നല്‍കും. വെല്ലുവിളി വ്യവസ്ഥകള്‍ നിറവേറ്റുന്ന സ്കൂളുകള്‍ പരിശോധിച്ചശേഷം അതത് സംസ്ഥാനം/കേന്ദ്രഭരണപ്രദേശം അവയെ കേന്ദ്രത്തിന് ശുപാര്‍ശചെയ്യണം.

ഓരോ ബ്ലോക്കില്‍നിന്നും പരമാവധി ഒരു പ്രാഥമിക വിദ്യാലയവും ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളുമാകും തിരഞ്ഞെടുക്കപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *