കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചു വീണു. കോട്ടയം ചിങ്ങവനം പവർ ഹൗസ് ജംഗ്ഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. 13 വയസുകാരനായ അവിറാമിനാണ് ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. മുഖത്തും കൈകൾക്കുമാണ് പരിക്ക്. ചികിത്സ പുരോഗമിക്കുകയാണ്. വിദ്യാർത്ഥി തെറിച്ചുവീണിട്ടും സ്വകാര്യ ബസ് നിർത്താൻ തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ബസ് പിന്നീട് നാട്ടുകാർ തടഞ്ഞുവെച്ചു.

ബസ് അമിത വേഗതയിലായിരുന്നുവെന്നും അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് പ്രതികരിച്ചു. ബസ് ജീവനക്കാർ മകന്റെ ആരോഗ്യനില പരിശോധിക്കാൻ ശ്രമിച്ചില്ലെന്നും നാട്ടുകാർ തടഞ്ഞതാണ് ബസ് നിർത്തിയതെന്നും പിതാവ് പ്രതികരിച്ചു. ‘കുഞ്ഞുകുട്ടികളുടെ ജീവന്റെ കാര്യമാണ്. നിയമപരമായി തന്നെ മുന്നോട്ടുപോവും. ഇനിയൊരാൾക്കും ഈ ഗതി വരരുത്. ഒരാൾ ശിക്ഷിക്കപ്പെട്ടാൽ ഇത് ആവർത്തിക്കാതിരിക്കുമെന്നാണ് പ്രതീക്ഷ’ പിതാവ് പറഞ്ഞു.

അതേസമയം വിഷയത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ബസിൽ നിന്ന് എടുത്തുചാടിയതാണ് അവിറാമെന്ന നിലപാടിലാണ് ജീവനക്കാർ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *