ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ടിടങ്ങളിലും കോൺഗ്രസ് മുന്നേറുന്നു. ജമ്മുകശ്മീരിലും ഹരിയാനയിലും കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷം കടന്നു. ഹരിയാനയിൽ കോൺഗ്രസ് 74, ബിജെപി 11, മറ്റുള്ളവ-5 എന്നിങ്ങനെയാണ് ലീഡ്. കശ്മീരിൽ കോൺഗ്രസ്-എൻസി 40, ബിജെപി-30,പിഡിപി-2, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകൾ. കർഷക രോഷം വലിയ രീതിയിൽ ബാധിച്ച ഹരിയാനയിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഹരിയാനയിൽ വിജയം ഉറപ്പിച്ചുകൊണ്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്തും ഹരിയാനയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം ചെയ്തുകൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ഡോലക്കും ബാന്‍ഡുമേളവുമൊക്കെയായി വലിയ രീതിയിലുള്ള ആഘോഷമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. പ്ലക്കാര്‍ഡുകളേന്തിയാണ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ മണിക്കൂറിൽ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നതാണ് പുറത്തുവരുന്നത്. ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിന്‍റെ എതിരാളി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നുമായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *