ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രേമരാജന്‍ പറഞ്ഞു.
വിധി പഠിച്ചതിന് ശേഷം അപ്പീല്‍ കോടതിയില്‍ കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് സംഭവം നടന്നത്. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
പ്രോസിക്യുഷന്‍ ഹാജറാക്കിയത് കെട്ടിച്ചമച്ച തെളിവുകളെന്ന് പ്രതിഭാഗം ആരോപിച്ചു. ബോംബ് സ്‌ഫോടനം നടന്നതിന്റെ തെളിവ് പോലും ഇല്ലായിരുന്നെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു.കല്ലായി ചുങ്കത്ത് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ മടോമ്മല്‍ക്കണ്ടി വിജിത്ത്, കുറുന്തോടത്ത് ഷിനോജ് എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ് അഡിഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞത്.
ടി.പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികള്‍. മാഹി കോടതിയില്‍ ഒരു കേസിന്റെ വിചാരണയ്ക്ക് ഹാജരായി ബൈക്കില്‍ മടങ്ങുന്നതിനിടെ ഇരുവരെയും ബൈക്കിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2010 മേയ് 28ന് ആണ് സംഭവം. മാഹി പള്ളൂര്‍ സ്പിന്നിങ് മില്ലില്‍ സിപിഐഎം പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ വിജിത്തിനും ഷിനോജിനും പങ്കുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം.
സിപിഐഎം പ്രവര്‍ത്തകരായ ടി.സുജിത്ത് ,കൊടി സുനിയെന്ന എന്‍.കെ.സുനില്‍കുമാര്‍,ടി.കെ.സുമേഷ്, കെ.കെ.മുഹമ്മദ് ഷാഫി, ടി.പി.ഷമില്‍, എ.കെ.ഷമ്മാസ്, കെ.കെ.അബാസ്, ചെമ്പ്ര രാഹുല്‍, വിനീഷ്, സി.കെ.രജികാന്ത്, പി.വി.വിജിത്ത്, മുഹമ്മദ് രജീസ്, കെ. ഷിനോജ്, ഫൈസല്‍, സരീഷ്, ടി.പി.സജീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സി.കെ.രജികാന്ത്, മുഹമ്മദ് രജീസ് എന്നിവര്‍ സംഭവശേഷം മരിച്ചു. 2025 ജനുവരി 21ന് ആരംഭിച്ച വിചാരണ ഓഗസ്റ്റില്‍ പൂര്‍ത്തിയായി. 44 സാക്ഷികളെ വിസ്തരിച്ചു.
പ്രതിഭാഗം 2 സാക്ഷികളെ വിസ്തരിച്ചു. 140 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേമരാജനും പ്രതിഭാഗത്തിനായി അഭിഭാഷകരായ സി.കെ.ശ്രീധരന്‍, കെ.വിശ്വന്‍ എന്നിവരുമാണു ഹാജരായത്.
