കോഴിക്കോട് നാദാപുരത്ത് മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കുനിങ്ങാട് സ്വദേശിനി നൂര്‍ജഹനാണ് മരിച്ചത്.ചികിത്സ നിഷേധിച്ചെന്നാരോപിച്ച് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാലിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . രോഗം കൂടിയിട്ടും യുവതിക്ക് ആശുപത്രി ചികിത്സ നല്‍കാതെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നടത്തിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
കഴിഞ്ഞ ഒരുവര്‍ഷമായി യുവതിക്ക് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന അസുഖമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ജമാല്‍ അനുവദിച്ചിരുന്നില്ല. ജമാലിന്റെ എതിര്‍പ്പ് അവഗണിച്ച് യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല.

ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക ത്വരിഖത്ത് സംഘടനയിലെ അംഗമാണ് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാല്‍. അസുഖം കൂടിയതിനെ തുടര്‍ന്ന് നൂര്‍ജഹാനെ ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജമാല്‍ അവിടെ നിന്നും നൂര്‍ജഹാനെ ആലുവയിലേക്കുള്ള ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെയും കൊണ്ട് ആലുവയിലേക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹവുമായി ആലുവയില്‍ നിന്ന് കല്ലാച്ചിയിലേക്ക് വന്ന ആംബുലന്‍സ് പൊലീസ് തടഞ്ഞാണ് മൃതദേഹം വടകര ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം നിലവില്‍ വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടത്തും

Leave a Reply

Your email address will not be published. Required fields are marked *