സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിത കാല നില്‍പ്പ് സമരം ഇന്ന് മുതല്‍. . ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും അലവന്‍സുകളും വെട്ടിക്കുറച്ചു, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കി, ഹയര്‍ഗ്രേഡ് അനുവദിച്ചില്ല, എന്നീ പരാതികള്‍ ഉന്നയിച്ച് കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. കടുത്ത മാനസിക സമ്മദര്‍ദ്ദത്തിലും കൊവിഡ് കാലത്ത് ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ ഡോക്ടര്‍മാര്‍ അധിക ജോലി ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ചൂണ്ടിക്കാട്ടി.

കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണമായി നിര്‍ത്തി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ജോലി ഭാരമാണ് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്കുളള്ളത്. ഇതിനിടയില്‍ ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്ന് മാത്രമല്ല ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ശമ്പളത്തിന്റെ ആനുപാതിക വര്‍ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന അലവന്‍സുകളും നിഷേധിക്കുകയാണുണ്ടായത്. ഇത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഒരാഴ്ചയിയായി ഒപി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് സമരത്തിലാണ് രാജ്യമെമ്പാടുമുള്ള പി ജി ഡോക്ടര്‍മാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഇതുമൂലം പ്രതിസന്ധിയിലാക്കി.

ഇന്ന് മുതല്‍ അത്യാഹിതവിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം ശക്തമാക്കാന്‍ ഇരിക്കേയാണ് മന്ത്രിയുടെ ഇടപെടല്‍. സമരത്തെ പിന്തുണച്ച് കെജിഎംഒഎയും, അധ്യാപക സംഘടനയായ കെജിഎംസിറ്റിഎയും രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പിജി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ റസിഡന്‍സ് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *