കോവിഡിന്റെ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍ വകഭേദമെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ റയാന്‍. ‘ഇപ്പോഴത്തെ വാക്‌സിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാള്‍ കഴിയുമ്പോള്‍ നിലവിലെ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ പറ്റാതെ വന്നേക്കാം. ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ നാളുകളാണ് എന്നതുകൊണ്ട് അവ പുറത്തുവിടുന്ന സൂചനകള്‍ നമ്മള്‍ വ്യാഖ്യാനിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം’- റയാന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ ഡയറക്ടറായ റയാന്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. ‘വളരെ തീവ്രമായ വകഭേദം അല്ല ഒമിക്രോണ്‍ എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. വാക്‌സീനുകളെ മറികടന്ന് മനുഷ്യശരീരത്തില്‍ ഒമിക്രോണ്‍ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തില്‍ കൂടുതല്‍ പേരിലേക്ക് പകരുന്നതിനാണ് സാധ്യത. പഴയ വകഭേദങ്ങളുമായാണ് അവ ഏറ്റുമുട്ടുന്നത്. അതില്‍ പുതിയതിന് മുന്‍തൂക്കം ലഭിക്കുന്നു. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന, ഫലപ്രദമായ വാക്‌സീനുകള്‍ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തയാറാണ്.

പുതിയ വകഭേദങ്ങള്‍ രൂപാന്തരം പ്രാപിക്കുന്നെങ്കിലും ഇതുവരെ കോവിഡിനെ നേരിടാന്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ തുടരണം. വാക്‌സീനുകള്‍, മാസ്‌കുകള്‍, സാമൂഹിക അകലം എന്നീ കരുതല്‍ നടപടികള്‍ക്കാണ് ശ്രദ്ധ നല്‍കേണ്ടത്. വൈറസ് അതിന്റെ പ്രകൃതം മാറ്റിയെന്ന് പറയാന്‍ കഴിയില്ല. പക്ഷേ മാറ്റം വന്നിരിക്കുന്നത് അതിന്റെ വ്യാപനശേഷിയിലാണ്. അതു നമ്മള്‍ ശ്രദ്ധിക്കണം’- റയാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *