ജമ്മുകാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിച്ചു. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍.ആര്‍, ശ്രീജേഷ്, അരുണ്‍, പി. അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തില്‍ തന്നെ നാട്ടില്‍ എത്തിച്ചു. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

കേരള ഹൗസിലെ നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്‍, അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍മാരായ ജിതിന്‍ രാജ് റ്റിഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറില്‍ നിന്നും യാത്ര സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍ ജിതിന്‍ രാജ് റ്റിഒ പാലക്കാട് ചിറ്റൂര്‍ വരെ സംഘത്തെ അനുഗമിച്ചു.

ശ്രീനഗറിലെ ദേശീയപാതയില്‍ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *