നടിയെ ആക്രമിച്ച കേസിന്റെ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ബലാത്സംഗകേസിൽ പ്രതികളെ ശിക്ഷിച്ചത് ആശ്വാസമാണ്. പ്രോസിക്യൂഷന് പരാജയം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ല. സർക്കാർ എന്തായാലും മേൽ കോടതിയെ സമീപിക്കുമെന്ന് കരുതുന്നു. ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. വിധി ദിനത്തിൽ പി.ടി തോമസിനെ ഓർക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഇടപെടൽ കേസിൻ നിർണായകമായെന്നും വി ഡി സതീശൻ പറഞ്ഞു.

ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. മഞ്ജു വാര്യരെ കുറ്റപ്പെടുത്തിയായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ ആദ്യ പ്രതികരണം.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ‌ സർക്കാർ ഇരയ്ക്കൊപ്പം തന്നെയെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനം പിന്നീട് എടുക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *