വിരിപ്പ് കൃഷി കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക കിട്ടാതെ കോട്ടയത്തെ കർഷകർ ദുരിതത്തിൽ. പണം കിട്ടാൻ ഇനിയും വൈകിയാൽ ഇക്കൊല്ലത്തെ പുഞ്ചക്കൃഷി മുടങ്ങും. പത്താം തിയ്യതി മുതൽ കോട്ടയം സപ്ലൈകോ ഓഫീസിന് മുന്നിൽ സമരം തുടങ്ങാൻ പോകുകയാണ് കർഷകർ.കോട്ടയം ജില്ലയിലെ അയ്മനം, ആർപ്പൂക്കര, തലയാഴം, കല്ലറ, നീണ്ടൂർ, തിരുവാർപ്പ്, കുമരകം എന്നീ ഏഴ് പഞ്ചായത്തുകളിലെ 5000 ത്തിലധികം കർഷകർക്കാണ് ഇനിയും പണം കിട്ടാനുള്ളത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊയ്ത നെല്ലിന്‍റെ പണമാണ് കുടിശ്ശികയായത്. ഈ തുക കിട്ടിയാലെ അടുത്ത പുഞ്ചക്കൃഷിയിറക്കാൻ കർഷകർക്ക് പറ്റൂ. കാശൊന്ന് കയ്യില്‍ കിട്ടിയാലേ നേരെ നില്‍ക്കാന്‍ പറ്റൂവെന്ന് കര്‍ഷകനായ ബാബു സൈമണ്‍ പറഞ്ഞു. വായ്പയെടുത്ത് കൃഷി ചെയ്ത കർഷകരാണ് പണംകിട്ടാതായതോടെ വലിയ പ്രതിസന്ധിയിലായത്. പണം എന്ന് കിട്ടുമെന്ന് ചോദിക്കുമ്പോൾ വ്യക്തമായൊരു മറുപടി സ്പ്ലൈകോ അധികൃതരുടെ പക്കലുമില്ല. പുഞ്ച കൃഷി തുടങ്ങാൻ ഇപ്പോൾ തന്നെ ഒരുമാസം വൈകി. പണം കിട്ടാൻ ഇനിയും വൈകിയാൽ ഇത്തവണ പുഞ്ച കൃഷി ഇറക്കുന്നത് കർഷകർക്ക് അസാധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *