കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊലൂഷ്യന്‍സ് ഉടമ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല. കോഴിക്കോട് ജില്ലാ കോടതി ജാമ്യഹര്‍ജി തള്ളി. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷുഹൈബ്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഷുഹൈബിനെതിരെ കേസെടുത്തത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുനല്‍കുക മാത്രമാണ് ചെയ്തത് എന്നുമാണ് ഇയാളുടെ വാദം.

അതേസമയം, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഷുഹൈബ് ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ നിരീക്ഷണം.

എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ വഴി പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനു തെളിവാണെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് ചോദ്യപേപ്പര്‍ വിഡിയോയില്‍ പലതും യഥാര്‍ഥ ചോദ്യങ്ങള്‍ അതുപോലെ വന്നതാണ്. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പല വിവരങ്ങളും കൃത്യമായി വിഡിയോയില്‍ പറയുന്നുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തി കിട്ടിയാലല്ലാതെ ഇത്രയും കൃത്യത വരില്ലെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *