കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ ഉമാ തോമസ് നടന്നുതുടങ്ങി. നന്നായി സംസാരിക്കുന്നുണ്ടെന്നും ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. ഇന്ന് റൂമിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും നിലയില്‍ പുരോഗതിയുണ്ട്. ശനിയാഴ്ച വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ഇന്ന് മുറിയിലേക്കു മാറ്റും. ഒരാഴ്ചയ്ക്കുശേഷം സന്ദര്‍ശകര്‍ക്ക് എംഎല്‍എയെ കാണാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അപകടം. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന 11,600 വിദ്യാര്‍ഥിനികളുടെ നൃത്തപരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യാതിഥിയായെത്തിയ സ്ഥലം എംഎല്‍എ കൂടിയായ ഉമാ തോമസ് ചടങ്ങിനിടെ വേദിയില്‍നിന്ന് താഴേക്കു പതിക്കുകയായിരുന്നു.