കോഴിക്കോട്: വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോടിൻറെ കിഴക്കൻ മലയോര മേഖലയിൽ ആളുകൾ കൃഷി ഭൂമി ഉപേക്ഷിക്കുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് പത്ത് വർഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയത്. കാട്ടാനകളാണ് പ്രദേശ വാസികൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്.

ഒറ്റയാൻറെ മുമ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിൻറെ നടക്കും ഇപ്പോഴും മാറിയിട്ടില്ല നാട്ടുകാരിയായ ജാനുവിന്. കുന്നിൻ മുകളിലെ കൊച്ചു കൂരയുടെ പിന്നിലെത്തിയ കാട്ടാന കണ്ണിൽ കണ്ടെതെല്ലാം ചവിട്ടി മെതിച്ചു. നാട്ടുകാരെത്തിയാണ് ജാനുവിനെ രക്ഷപ്പെടുത്തിയത്. കാട്ടാനയിൽ നിന്നും രക്ഷപ്പെടാൻ വൈകിട്ടാകുമ്പോൾ കുന്നിറങ്ങി മറ്റൊരു വീട്ടിൽ അഭയം തേടുകയാണ് ജാനുവും ഭർത്താവ് കുഞ്ഞിരാമനും ഇപ്പോൾ.

ഇരുപത്തിയഞ്ചോളം വീടുകൾ ഈ മേഖലയിൽ നേരത്തെയുണ്ടായിരുന്നു. കാട്ടാനകൾ സ്വൈര്യ വിഹാരം നടത്താൻ തുടങ്ങിയതോടെ ജീവൻ മുറുകെ പിടിച്ച് വീടുകളും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറി. മാറാൻ മറ്റു സ്ഥലമില്ലാത്തവർ കാട്ടാനകളുടെ ശല്യം സഹിച്ചും താമസം തുടരുകയാണ്. കുരങ്ങിൻറെയും കാട്ടു പന്നിയുടെയും ശല്യവുമുണ്ട്. ഇത് മൂലം കൃഷി തുടരാനാവാത്ത സ്ഥിതിയാണ്. കിട്ടുന്ന തുക കുറവാണെങ്കിലും വനം വകുപ്പിൻറെ സ്വയം സന്നദ്ധതാ പുനരധിവാസ പദ്ധതിയിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് പലരും.

Leave a Reply

Your email address will not be published. Required fields are marked *