സച്ചിദാനന്ദന്റെ തുടർഭരണ പ്രസ്താവനയിൽ പ്രതികരിച്ച് ടി സിദ്ദിഖ് എം എൽ എ. പിണറായി വിജയനിൽ നിന്ന് ഇടതുപക്ഷ മനോഭാവം നഷ്ടമായിരിക്കുന്നു, അത് ഇടതുപക്ഷക്കാരനായ സച്ചിദാനന്ദനും മനസിലായിരിക്കുന്നു. ഇത് സർക്കാരിന്റെ വലതുപക്ഷ വ്യതിയാനങ്ങൾക്കെതിരായ പ്രതിഷേധമാണ് ഇത്. സച്ചി മാഷിന്റെ ‘ആരാണ് നിന്റെ ശത്രു’ എന്ന കവിതയുണ്ട്. സച്ചിദാനന്ദൻ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു ആരാണ് തന്റെ ശത്രു എന്ന്. ഇത് കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെ വിമര്‍ശനത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടതുസഹയാത്രികന്‍ തന്നെ ഇടതിന് തുടര്‍ഭരണം വേണ്ടെന്ന് പറയുന്നു. യുഡിഎഫ് പറയുന്ന കാര്യങ്ങള്‍ സച്ചിദാനന്ദന്‍ അടിവരയിട്ട് പറയുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
‘ഈ സര്‍ക്കാരിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ട നല്ല കമ്യൂണിസ്റ്റുകാര്‍ക്കും ഇടത് സഹയാത്രികര്‍ക്ക് പോലും താല്‍പര്യമില്ല. സിപിഐഎമ്മിന് ഉണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും ബോധവാന്‍മാര്‍ ഇടതുസഹയാത്രികരും നല്ല കമ്യൂണിസ്റ്റുകാരുമാണ്. അത് ശരിവയ്ക്കുന്നതാണ് സച്ചിദാനന്ദന്റെ വാക്കുകള്‍. എല്‍ഡിഎഫ് അധികാരത്തില്‍ വരരുതെന്നും ഇവര്‍ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണെന്നും സതീശന്‍ പറഞ്ഞു. കേരളത്തിന്റെ പൊതുവികാരമാണ് സച്ചിദാനന്ദന്‍ പങ്കുവച്ചതെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ആവര്‍ത്തിച്ചു. ഇത് താന്‍ പുതുതായി പറയുന്ന കാര്യമല്ല. ജനാധിപത്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി ഉണ്ടാകുകയെന്നത് അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
