നിയമസഭാ തെരഞ്ഞടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടികയായി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിക്കും. ചാത്തന്നൂരില്‍ സി കെ ജയലാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും.ചടയമം​ഗലം ഉൾപ്പടെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുവരെയുള്ള വിവരമനുസരിച്ച് ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണ് സിപിഐ പട്ടികയിലുള്ളത്.

കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍, നാദാപുരം – ഇ കെ വിജയന്‍, പട്ടാമ്പി – മുഹമ്മദ് മുഹ്‌സിന്‍, വൈക്കം- സി കെ ആശ, നെടുമങ്ങാട് ജി ആര്‍ അനില്‍, അടൂര്‍- ചിറ്റയം ഗോപകുമാര്‍, കരുനാഗപ്പള്ളി- ആർ രാമചന്ദ്രന്‍, പുനലൂര്‍ – പി എസ് സുപാല്‍, ചിറയന്‍കീഴ് – വി ശശി, ഒല്ലൂര്‍ കെ രാജന്‍, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം- ടൈസന്‍ മാസ്റ്റര്‍, നാട്ടിക-ഗീത ഗോപി. ചേര്‍ത്തല-പി പ്രസാദ്, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.
25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. ഇതിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് സംസ്ഥാന കൗൺസിൽ അന്തിമരൂപം നൽകിയിരിക്കുന്നത്. നാല് മണ്ഡലങ്ങളിലെ തീരുമാനം നാളെയാകും ഉണ്ടാകുക. ചടയമം​ഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിപട്ടികയാണ് പുറത്തുവരാനുള്ളത്.
തൃശൂര്‍- പി ബാലചന്ദ്രന്‍, പീരുമേട് – വാഴൂര്‍ സോമന്‍, മണ്ണാര്‍ക്കാട്- കെ പി സുരേഷ് രാജ്, ഏറനാട്- കെ ടി അബ്ദുള്‍ റഹ്മാന്‍, മഞ്ചേരി – ഡിബോണ നാസര്‍, തിരൂരങ്ങാടി – അജിത് കൊളാടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.
ചടയമംഗലത്ത് വനിതയെ മല്‍സരിപ്പിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യും. ഒരു ഇടവേളയ്ക്ക് ശേഷമാണ് പി എസ് സുപാല്‍ വീണ്ടും നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. മൂന്നാം തവണ ജനവിധി തേടുന്ന ചിറ്റയം ഗോപകുമാര്‍, സി കെ ജയലാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

ചങ്ങനാശ്ശേരി സീറ്റ് നഷ്ടപ്പെടുത്തിയതില്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കാനം സിപിഎമ്മിന്റെ അടിമയായിപ്പോയെന്ന് സി കെ ശശിധരന്‍ പറഞ്ഞു. സിപിഐ പുരുഷാധിപത്യ പാര്‍ട്ടിയായി മാറിയെന്ന് വനിതാ അംഗങ്ങളും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *