കാസർഗോഡ്: ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ്. യുഡിഎഫ് സ്ഥാനാർത്ഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റായ ബി എം ജമാലാണ് സ്പൈ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്ത് പ്രവേശിച്ചത്. പോളിംഗ് നടപടികൾക്കിടെ ഇദ്ദേഹത്തിന്റെ കണ്ണടയിൽ അസ്വാഭാവികത തോന്നിയ മറ്റ് ഏജന്റുമാരും പോളിംഗ് ഉദ്യോഗസ്ഥരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ബേക്കൽ പോലീസ് സ്ഥലത്തെത്തി ബി എം ജമാലിനെ തടയുകയും പരിശോധനയ്ക്ക് ശേഷം ക്യാമറ ഘടിപ്പിച്ച കണ്ണട കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോളിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിരോധിച്ചിട്ടുണ്ട്. രഹസ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന്റെയോ മറ്റ് നടപടികളുടെയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം.
ഇതിനെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് ഇവർ വരണാധികാരിക്ക് പരാതി നൽകി.
എന്നാൽ സാധാരണ കണ്ണടയാണെന്നും ക്യാമറയുണ്ടെന്ന് അറിയില്ലായിരുന്നുവെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രാഥമിക വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
