വിഷുദിനത്തിൽ പടക്കം പൊട്ടിച്ച് നിലത്ത് വീഴുന്ന ചേട്ടൻ, പതിവ് തെറ്റാതെ എല്ലാ വിഷുക്കാലത്തും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന വീഡിയോ, മീമായും സ്റ്റിക്കറായുമെല്ലാം ഇത് ആഘോഷിക്കപ്പെടാറുണ്ട്. ഈ മാസം പുറത്തിറങ്ങിയ വാഴ 2വിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിലൂടെ മലയാളികൾ വീണ്ടും ഈ രം​ഗം കണ്ടു. വാഴ 2 കണ്ടിറങ്ങിയ ആളുകളെല്ലാം ഒരുപോലെ തിരഞ്ഞത് ഈ ചേട്ടനെയാണ്. ഇപ്പോഴിതാ ചേട്ടനെ കണ്ടുപിടിച്ച് മുന്നിൽക്കൊണ്ട് വന്ന് നിർത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിൽ ആണ് നടൻ ബിജുക്കുട്ടൻ ഇദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

സിനിമയുടെ എഴുത്തുകാരൻ സംവിധായകനും ഏറെ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നതായും ബിജുക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാനസിക സംഘർഷത്തിന് കാരണമായ ആ സംഭവം ബിജുക്കുട്ടൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് കണ്ടപ്പോൾ വലിയ ആശ്വാസം തോന്നിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വർഷങ്ങൾക്ക് മുൻപ് അനിയൻ തമാശയ്ക്ക് പോസ്റ്റ് ചെയ്ത ആ വീഡിയോ തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് അദ്ദേഹം പറയുന്നു. താൻ വീഴുന്നത് കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്ന ആറാം ക്ലാസുകാരനായ മകന്റെ മുഖം ഇന്നും നൊമ്പരമാണ്. വീഡിയോ വൈറലായതോടെ മദ്യപിച്ചാണോ വീണതെന്ന പരിഹാസങ്ങൾ കേൾക്കേണ്ടി വന്നതും ആളുകളെ അഭിമുഖീകരിക്കാനുള്ള മടിയും അദ്ദേഹം വെളിപ്പെടുത്തി. ഓരോ വിഷുക്കാലവും വല്ലാത്ത ഭീതിയോടെയാണ് താൻ കടന്നുപോയതെന്നും അദ്ദേഹം ബിജുക്കുട്ടനോട് പങ്കുവെച്ചു.

സിനിമയിലെ പാട്ട് റിലീസായപ്പോൾ വീണ്ടും പരിഹാസങ്ങൾ ഏൽക്കേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും ചിത്രം കണ്ട മകൻ തന്നെയാണ് മാതാപിതാക്കളെ സിനിമ കാണാൻ നിർബന്ധിച്ചത്. വീഡിയോയിലൂടെ ലോകം കണ്ട പരിഹാസത്തിനപ്പുറം, ആ നിമിഷം അവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സിനിമയിൽ കൃത്യമായി അവതരിപ്പിച്ചത് കണ്ടപ്പോൾ വർഷങ്ങളായുള്ള തന്റെ പേടിയും മാനസിക ഭാരവും മാഞ്ഞുപോയതായി അദ്ദേഹം പറഞ്ഞു. തന്റെ കഥാപാത്രത്തിലൂടെ ഒരാൾക്ക് ആശ്വാസം നൽകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ബിജുക്കുട്ടനും സോഷ്യൽ മീഡിയയിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞു. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല. പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു. പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്. ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്.

പ്രേക്ഷകർക്ക് വിഷു ആശംസ നേർന്നുക്കൊണ്ടാണ് ബിജുക്കുട്ടൻ ഫേസ്ബുക്കിൽ ഈ പോസ്റ്റ് പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *