കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യ മാധവന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്.വീട്ടിൽ വെച്ച് മാത്രമേ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ആലുവയിലെ പത്മ സരോവരം വീട്ടിൽ വെച്ച് തന്നെ ചോദ്യം ചെയ്താൽ മതിയെന്ന് കാവ്യ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് ക്രൈംബ്രഞ്ച് മറുപടി നൽകിയിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയിൽ ദിലീപിനൊപ്പം കാവ്യക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് .

നേരത്തെയും ദിലീപിന്‍റെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.

എന്നാൽ പദ്മസരോവരം വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രോജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് വിലയിരുത്തൽ.

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *