കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ഋഷി പറഞ്ഞു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജനാധിപത്യ രീതിയിലുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാത്ത പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഋഷിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സുധാകരന്‍ അധ്യക്ഷനായതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് ഋഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഋഷി പല്‍പ്പു ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് ഈ നടപടിയെന്ന് ഋഷി പല്‍പ്പു പ്രതികരിച്ചിരുന്നു.

നടപടിക്ക് കാരണമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് മഹാമാരി പടരുമ്പോള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടാതെ സേവനാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാ വഹിച്ചു കൊണ്ട് തൃശൂര്‍ ബിജെപി പ്രവര്‍ത്തകര്‍ മാതൃകാ പരമായി ഒരു സഹപ്രവര്‍ത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവര്‍ത്തിക്ക് തൃശൂര്‍ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴല്‍പണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നാണം കെടുത്തി കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതും പോരാതെ ‘സേവാ ഹി സംഘടന്‍ ‘ ആഹ്വാന ദിനത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂര്‍ ജില്ലാ നേതൃത്വം.’

‘അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴല്‍പ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാര്‍ട്ടി പൂജ്യമായതില്‍ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് ! കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്‌നേഹം കൊണ്ടും ഇന്നും ഈ പാര്‍ട്ടിയെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം. ബിജെപിയ്ക്ക് അപമാനമായ, ഭാരമായി മാറിയ ൗേേലൃ ംമേെല ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതല്‍ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂര്‍ ജില്ലയിലെ ഓരോ പ്രവര്‍ത്തകന്റെയും ആവശ്യം.’

Leave a Reply

Your email address will not be published. Required fields are marked *