മജിസ്‌ട്രേറ്റുമാരില്ലാതെ വലഞ്ഞ് കോഴിക്കോട് നിരവധി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍. കോഴിക്കോട് മൂന്ന്, നാല്, അഞ്ച്, ആറ് കോടതികളും, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമാണ് മജിസ്‌ട്രേറ്റുമാരില്ലാത്തത്. പുതുതായി മജിസ്‌ട്രേറ്റിനെ നിയമിക്കാത്തത് മൂലം മാസങ്ങളായി കുന്ദമംഗലത്തേയും താമരശ്ശേരിയിലേയും കേസുകള്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് വണിലേക്കാണ് കൊടുക്കുന്നത്.

കുന്ദമംഗലം കോടതിയുടെ പരിതിയില്‍ വലിയ എക്‌സൈസ് റേഞ്ചുള്ള മെഡിക്കല്‍ കോളേജ്, മാവൂര്‍, കുന്ദമംഗലം എന്നീ പോലീസ് സ്‌റ്റേഷനുകളാണ് ഉള്ളത്. എക്‌സൈസ്, ക്രിമിനല്‍ കേസുകള്‍ നിരവധി റജിസ്റ്റര്‍ ചെയ്യുന്ന സ്‌റ്റേഷനുകളാണിവ. മജിസ്‌ട്രേറ്റിനെ നിയമിക്കാത്തതിനാല്‍ കേസുകള്‍ കുന്നുകൂടി കിടക്കുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്.

മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാല്‍ ഒന്നിലേറെ തവണ പ്രതികളുമായി കോഴിക്കോട് ഫസ്റ്റ് ക്ലാസ് വണ്‍ കോടതിയിലേക്ക് പോകേണ്ട ഗതിയിലാണ് പോലീസുകാര്‍. കൂടാതെ, ഈ കോടതികള്‍ക്ക് പരിതിയില്‍ ആസ്വഭാവിക മരണങ്ങള്‍ നടന്നാല്‍ മജിസ്‌ട്രേറ്റാണ് മരണമൊഴി തയ്യാറാക്കേണ്ടത്. മെഡിക്കല്‍ കോളേജ് പരിതിയില്‍ ഇത്തരം മരണങ്ങള്‍ സ്ഥിരം സംഭവമാണെന്നിരിക്കെ മജിസ്‌ട്രേറ്റ്മാരില്ലാത്തതിനാല്‍ പോലീസുകാര്‍ വലയുകയാണ്. കൂടാതെ, മജിസ്‌ട്രേറ്റിന്റെ അഭാവം മൂലം ഈ ചുമതല കൂടി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് വണിലെ മജിസ്‌ട്രേറ്റിന്റെ ഭാരമായിരിക്കുകയാണ്.

ജനറല്‍ ട്രാന്‍സ്ഫറും പ്രമോഷനുമാണ് മജിസ്‌ട്രേറ്റര്‍മാര്‍ ഇല്ലാത്തതിന് പ്രധാന കാരണം. ഈ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് കുന്ദമംഗലം ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക് ജില്ലാ ജഡ്ജി വഴി അപേക്ഷ നല്‍കിയിരുന്നു. അതിന്റെ ഫലമായി ജെഎഫ്‌സി വണിലെ മജിസ്‌ട്രേറ്റിനെ ആഴ്ചയില്‍ രണ്ട് ദിവസത്തേക്ക് കുന്ദമംഗലം കോടതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഓര്‍ഡര്‍ വന്നിട്ടും മജിസ്‌ട്രേറ്റ് ഇതുവരെ എത്തിയിട്ടില്ല. സ്ഥിരമായി ഒരു മജിസ്‌ട്രേറ്റിനെ നിയമിക്കാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *