ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജിരിബാം മേഖലയില്‍ എഴുപതോളം വീടുകള്‍ക്ക് തീയിട്ടു. 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. രണ്ട് പൊലീസ് ഔട്ട്പോസ്റ്റുകളും ഒരു ഫോറസ്റ്റ് ഓഫീസിനും അക്രമികള്‍ തീയിട്ടിട്ടുണ്ട്.
അതേസമയം കലാപം നടന്ന ജിരിബാം ജില്ലയിലെ പൊലീസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ, സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 70ലധികം വരുന്ന സംസ്ഥാന പൊലീസ് കമാന്‍ഡോകളുടെ ഒരു സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
അതിനിടെ, ജിരിബാമിലെ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 239ഓളം മെയ്‌തെയ് വിഭാഗം ആളുകളെ, വെള്ളിയാഴ്ച ഒഴിപ്പിച്ചു. ഇവരെ ജില്ലയിലെ തന്നെ ഒരു മള്‍ട്ടി സ്പോര്‍ട്സ് കോംപ്ലക്സില്‍ പുതുതായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാല്‍, ബെഗ്ര ഗ്രാമങ്ങളിലെ 70ലധികം വീടുകള്‍ക്കാണ് അക്രമികള്‍ തീവെച്ചത്. ഇവരെയെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.