വാഷിങ്ടൺ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ അമേരിക്ക സമ്പൂർണ്ണ വിജയം പ്രഖ്യാപിക്കുമെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള പുതിയ ആണവകരാർ ഉടൻ യാഥാർഥ്യമാകുമെന്നും ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ടെലിറാലിയിലാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ ഉണ്ടായതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ആണവായുധങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ ഇറാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള നല്ലൊരു കരാർ ഉണ്ടാക്കാൻ അമേരിക്ക തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. വേഗത്തിൽ തന്നെ ഈ ഒരു പരിപൂർണ്ണ വിജയം ഉണ്ടാകുമെന്നാണ് ട്രംപിന്റെ അവകാശവാദം.

അതേസമയം, ട്രംപിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇറാന് മേലുള്ള സൈനിക ആക്രമണങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക വെടിനിർത്തൽ കരാറിനെക്കുറിച്ച് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. തെക്കൻ ലെബനനിൽ ഇസ്രയേൽ തങ്ങളുടെ ആക്രമണം തുടരുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന് മേലുള്ള യുദ്ധം വിജയിക്കുന്നുവെന്ന് ട്രംപ് പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. മുൻപ് ഏപ്രിൽ 7-ന് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിന് മുന്നോടിയായും, കരാർ അന്തിമമാക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് ഇതേ രീതിയിൽ ട്രംപ് അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *