കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാണെന്നും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്ത് തലങ്ങളിൽ അടിയന്തര അവലോകന യോഗങ്ങൾ ചേരുമെന്നും കിണറുകൾ കേന്ദ്രീകരിച്ച് വിപുലമായ ക്ലോറിനേഷൻ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചും പ്രത്യേക പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കും. ഈ സ്കൂളുകളിൽ ആരോഗ്യസംഘങ്ങൾ നേരിട്ടെത്തി പരിശോധന നടത്തും. നിലവിൽ മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും നിരീക്ഷണത്തിലാണ്. സ്കൂളുകളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ വിന്യസിക്കും. സ്കൂളുകളിൽ നിന്നുള്ള കുടിവെള്ള സാമ്പിളുകൾ വീണ്ടും ലാബ് പരിശോധനയ്ക്ക് അയക്കുമെന്ന് ടി സിദ്ദിഖ് അറിയിച്ചു. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ചില കുട്ടികളിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് ഗൗരവമായി കണ്ട് പരിശോധനകൾ കൂടുതൽ സമഗ്രമാക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി.
മന്ത്രിയുമായി നടത്തിയ യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചത് നിലവിൽ 2 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചെന്നാണ്. ആകെ 443 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 14 പേർക്ക് പുതുതായി ലക്ഷണങ്ങൾ കണ്ടെത്തിയതാണ്. നിലവിൽ 68 പേർ ആശുപത്രികളിൽ അഡ്മിറ്റാണ്. ഇതിൽ 26 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 42 പേർ മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ആകെ 163 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പകരുന്നത് എന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി. കുട്ടികളെയാണ് ഈ രോഗം എളുപ്പം ബാധിക്കുക. പനി, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.
